ത്രിപുര അക്രമം; വസ്തുതാന്വേഷണ സംഘം ഇന്ന് ഡൽഹിയിൽ മാധ്യമങ്ങളെ കാണും
ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങൾ വിലയിരുത്തിയ പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ഇന്ന് ഡൽഹിയിൽ മാധ്യമങ്ങളെ കാണും.
കഴിഞ്ഞ ദിവസം ഗവർണർ സത്യേദേവ് നാരായൺ ആര്യയെ കണ്ട് എംപിമാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.അക്രമസംഭവങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ എളമരം കരീം എംപിയുടെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ ധരിപ്പിച്ചു. ഉചിതമായ നടപടി എടുക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി എംപിമാർ അറിയിച്ചു.
അക്രമബാധിതരെ നേരിൽ കണ്ട് സംസാരിക്കുന്നതിനിടെ എളമരം കരീം എംപി അടക്കമുള്ള സംഘത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ബിശാൽഘട്ടിൽ വച്ച് ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം അക്രമികൾ, എംപിമാർ സഞ്ചരിച്ച വാഹനങ്ങൾ തകർത്തു. എംപിമാരെ കയ്യേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. എളമരം കരീം, സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി സെക്രട്ടറി അജോയ് കുമാർ എന്നിവർ അടങ്ങിയ സംഘത്തിനു നേരെ വിശാൽ ഘട്ടിൽ വച്ച് ആക്രമണമുണ്ടാവുകയായിരുന്നു. വാഹനങ്ങളുടെ ചില്ല് അക്രമികൾ തകർത്തു. ഇവരെ തടയാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ജിതേന്ദ്ര ചൗധരി ആരോപിച്ചു.