ആം ആദ്മി പാർട്ടിക്ക് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്
സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് ആം ആദ്മി പാർട്ടിക്ക് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്. ഡയറക്‌ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഡിഐപി) നൽകിയ റിക്കവറി നോട്ടീസിൽ പാർട്ടി 10 ദിവസത്തിനകം തുക നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന പാർട്ടിക്കെതിരെ നടപടി ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.
2016-2017 വർഷത്തിൽ സർക്കാർ പരസ്യങ്ങൾ എന്ന പേരിൽ രാഷ്ട്രീയ പരസ്യങ്ങൾ അച്ചടിക്കാൻ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചതായി ആം ആദ്മി പാർട്ടിക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ഈ പരസ്യങ്ങൾ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി ആക്ഷേപമുണ്ട്. റിക്കവറി നോട്ടീസിൽ തുകയുടെ പലിശയും ഉൾപ്പെട്ടിട്ടുണ്ടെന്നും എഎപി 10 ദിവസത്തിനകം മുഴുവൻ തുകയും അടയ്‌ക്കണമെന്നും ആവശ്യപ്പെടുന്നു.
നിശ്ചിത സമയത്തിനുള്ളിൽ പണം നിക്ഷേപിച്ചില്ലെങ്കിൽ ചട്ടങ്ങൾക്കനുസരിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് ഡയറക്ടറേറ്റ് അറിയിച്ചു. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ സ്ഥിതി ചെയ്യുന്ന ആം ആദ്മി പാർട്ടിയുടെ ആസ്ഥാനം വകുപ്പ് സീൽ ചെയ്തേക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് ആം ആദ്മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഭാരതീയ ജനതാ പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് ലെഫ്റ്റനന്റ് ഗവർണർ റിക്കവറി നോട്ടീസ് നൽകുന്നതെന്ന് ആം ആദ്മി ആരോപിച്ചിരുന്നു. അത്തരം അധികാരം എൽജിക്ക് ഇല്ലെന്നും അവകാശപ്പെട്ടിരുന്നു. ഡിസംബർ 19 ന് പുറത്തിറക്കിയ ഉത്തരവിൽ 99.31 കോടി അടിസ്ഥാന തുകയും 64.31 കോടി പലിശയും ഉൾപ്പെടുന്നതായി അധികൃതർ പറയുന്നു.