Tuesday, April 15, 2025
National

മാന്‍ദൗസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ 5 മരണം; വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ്

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. 181 വീടുകള്‍ തകര്‍ന്നു. ചെന്നൈ കോര്‍പറേഷനില്‍ മാത്രം 600 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.

സംസ്ഥാനത്ത് 205 ദുരിതാശ്വാസ ക്യാംപുകളിലായി ഒന്‍പതിനായിരത്തോളം പേരാണ് കഴിയുന്നത്. തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റാണിപ്പേട്ട്, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുപത്തൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നാളെ കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: മദ്യക്കുപ്പിയിൽ ചിലന്തിയെ കണ്ടെത്തിയ ബാച്ചിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചു

അതേസമയം കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള മധ്യ വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *