Thursday, January 9, 2025
National

‘വിമാനത്തിലും രക്ഷയില്ല’; മുംബൈ – ഗുവാഹത്തി റൂട്ടില്‍ സ്ത്രീയെ കയറിപ്പിടിച്ച് സഹയാത്രികന്‍, പിന്നാലെ അറസ്റ്റ്!

ലോക വ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനത്തിൽ ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ ഒരു പുരുഷ സഹയാത്രക്കാരൻ തൊട്ടടുത്തിരുന്ന സ്ത്രീയെ കയറിപ്പിടിച്ചെന്ന പരാതിയാണ് ഏറ്റവും ഒടുവിലത്തേത്. പരാതിയെ തുടര്‍ന്ന് കേസ് എടുത്തതായും സ്ത്രീയെ ശല്യം ചെയ്തയാളെ ഗുവാഹത്തി പോലീസിന് കൈമാറിയതായും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, ഇന്ത്യൻ യാത്രക്കാർ ഉൾപ്പെട്ട നാല് ലൈംഗിക പീഡന കേസുകളെങ്കിലും ബോർഡ് വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിക്ക് ശേഷം മുംബൈയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6E-5319 വിമാനത്തിലായിരുന്നു ഏറ്റവും പുതിയ സംഭവം നടന്നത്. ലക്ഷ്യസ്ഥാനമായ ഗുവാഹത്തിയില്‍ ഇറങ്ങുന്നതിന് വെറും 15 മിനിറ്റ് മുമ്പായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിലെ ഇടനാഴിയോട് ചേര്‍ന്നായിരുന്നു യുവതിയുടെ സീറ്റ്. ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തതിന് ശേഷം സീറ്റിന്‍റെ ആം റെസ്റ്റ് താഴ്ത്തി വച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു. എന്നാല്‍, അസുഖകരമായ സാന്നിധ്യം അനുഭവപ്പെട്ടതിന് തുടര്‍ന്ന് യുവതി എഴുന്നേറ്റപ്പോള്‍ അടുത്ത സീറ്റിലുള്ളയാള്‍ തന്‍റെ മേല്‍ ചാഞ്ഞ് കിടക്കുന്നതാണ് യുവതി കണ്ടത്. ഒപ്പം താന്‍ താഴ്ത്തി വച്ച ആം റെസ്റ്റ് ഉയര്‍ത്തി വച്ചതായും കണ്ടു. ആദ്യം താനത് ശ്രദ്ധിച്ചില്ലെന്നും വീണ്ടും ആം റെസ്റ്റ് താഴ്ത്തി വച്ച് ഉറങ്ങിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, വീണ്ടും അസ്വസ്ഥകരമായ അനുഭവം ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും ഉണര്‍ന്നു. ഇത്തവണയും അയാള്‍ അവരുടെ മേല്‍ ചാഞ്ഞ നിലയിലായിരുന്നു. ‘എനിക്ക് അപ്പോള്‍ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ഉറങ്ങുന്നത് പോലെ നടിച്ച് കിടന്നു.’ അവര്‍ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. രണ്ട് മിനിറ്റിന് ശേഷം അയാളുടെ കൈ തന്‍റെ ശരീരത്തില്‍ ഇഴയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്നാണ് താന്‍ പരാതി നല്‍കിയതെന്നും അവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *