കൊറോണയെ നശിപ്പിക്കുന്ന മാസ്കുമായി പന്ത്രണ്ടാം ക്ലാസുകാരി
കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്കുമായി പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി. ബംഗാളിലെ പൂർബ ബാർധമാൻ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ദിഗന്തിക ബോസാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. മാസ്ക് മുംബൈയിലെ ഗൂഗിളിന്റെ മ്യൂസിയം ഓഫ് ഡിസൈൻ എക്സലൻസിൽ പ്രദർശിപ്പിക്കും.
മാസ്കിന് മൂന്ന് അറകളാണുള്ളത്. വായുവിലെ പൊടിപടലങ്ങൾ ഫിൽട്ടർ ചെയ്യുന്ന നെഗറ്റീവ് അയോൺ ജനറേറ്റർ ഇതിൽ ഉണ്ട്. ഫിൽട്ടർ ചെയ്ത വായു രണ്ടാമത്തെ അറയിലൂടെ പ്രവേശിക്കുന്നു. ഇതുവഴി പ്രവേശിക്കുന്ന വായു മൂന്നാമത്തെ അറയിൽ എത്തുന്നു. സോപ്പും വെള്ളവും ചേർന്ന ഒരു രാസ അറയാണ് മൂന്നാമത്തേത്. ഇത് വൈറസിനെ നശിപ്പിക്കുന്നു.
“സോപ്പ് വെള്ളം വൈറസിനെ കൊല്ലുന്നുവെന്ന് ഞങ്ങൾക്കറിയാം, അതിനാൽ വായു മൂന്നാം അറയിൽ എത്തുമ്പോൾ വൈറസ് നശിക്കപ്പെടുന്നു. അതുപോലെ, ഒരു കോവിഡ് ബാധിച്ച വ്യക്തി മാസ്ക് ഉപയോഗിക്കുകയാണെങ്കിൽ, അയാൾ ശ്വസിക്കുന്ന വായു സമാനമായ ഒരു പ്രക്രിയയിലൂടെ കടന്നുപോകുകയും വൈറസിന്റെ വ്യാപനം തടയുകയും ചെയ്യും.”- ദിഗന്തിക പറഞ്ഞു.
മാസ്കിന്റെ ട്രയലിനായി താൻ സംസ്ഥാന ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ദിഗന്തിക പറഞ്ഞു.
കോവിഡ് ഒന്നാംതരംഗവേളയിലാണ് തന്റെ കൈവശമുള്ള സാധനങ്ങൾ ഉപയോഗിച്ച് മാസ്ക് നിർമിച്ചതെന്ന് ദിഗന്തിക പറഞ്ഞു. അത്തരം കാര്യങ്ങളിൽ തനിക്ക് എല്ലായ്പ്പോഴും താൽപ്പര്യമുണ്ടെന്നും പന്ത്രണ്ടാം ക്ലാസുകാരി പറയുന്നു.
എപിജെ അബ്ദുൾ കലാം ഇഗ്നൈറ്റ് അവാർഡ് മൂന്ന് തവണ ദിഗന്തികക്ക് ലഭിച്ചിട്ടുണ്ട്. ചെവികളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത ഒരു സുഖപ്രദമായ മാസ്ക് തയാറാക്കിയതിനാണ് മൂന്നാം തവണയാണ് അവാർഡ് ലഭിച്ചത്.