Sunday, April 13, 2025
National

ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തീപിടിത്തം

കൊൽക്കത്തയിലെ ഐകോണിക് ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡൻ ഗാർഡൻസിൽ വൻ തീപിടിത്തം. സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിലൊന്നിൽ തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം.

രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ ‘സംഗബാദ് പ്രതിദിൻ’ റിപ്പോർട്ട് ചെയ്യുന്നു. ‘എവേ ടീം’ ഡ്രസിങ് റൂമിൽ നിന്ന് പുക ഉയരുന്നത് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളാണ് ആദ്യം കണ്ടത്. ഈ ഡ്രസിങ് റൂമിന് പുറത്ത് നവീകരണ ജോലികൾ നടന്നിരുന്നു. ഡ്രസിങ് റൂമിന്റെ ഫോൾസ് സീലിങ്ങിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു.

കഴിഞ്ഞയാഴ്ച ഐസിസി, ബിസിസിഐ പ്രതിനിധികൾ വേദി പരിശോധിച്ചിരുന്നു. ഈ തീപിടുത്തം ലോകകപ്പിനുള്ള ഒരുക്കങ്ങളെ ബാധിക്കാൻ സാധ്യതയില്ല. നവംബർ 16 ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ ഉൾപ്പെടെ ആറ് മത്സരങ്ങളാണ് ഈഡൻ ഗാർഡൻസിൽ നടക്കുക. ഒക്ടോബർ 31 ന് പാകിസ്താൻ ബംഗ്ലാദേശ് പോരാട്ടമാണ് വേദിയിലെ ആദ്യ മത്സരം. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *