കാമുകിയെ കൊന്ന് താൻ ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള അഴുക്കുചാലിൽ തള്ളി പൂജാരി
തെലങ്കാനയിൽ കാമുകിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പൂജാരി. 30 വയസുകാരിയായ അപ്‌സരയെ ആണ് സായ് കൃഷ്ണയെന്ന പൂജാരി കൊലപ്പെടുത്തിയത്. വിവാഹിതനായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്‌സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സായ് കൃഷ്ണയാണ് അപ്‌സരയെ കാൺമാനില്ലെന്ന് പറഞ്ഞ് മെയ് 3ന് പൊലീസിൽ പരാതി നൽകുന്നത്. ഷംഷാബാദ് ബസ് സ്റ്റാൻഡിൽ താൻ അപ്‌സരെ കൊണ്ടുവിട്ടുവെന്നും അതിൽ പിന്നെ അപ്‌സരയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സായ്കൃഷ്ണ പറഞ്ഞു. ഭദ്രാചലത്തേക്കാണ് അപ്‌സര പോയതെന്നും സായ് കൃഷ്ണ പൊലീസിൽ മൊഴി നൽകി. അപ്‌സര തന്റെ അന്തിരവളാണെന്നാണ് സായ് കൃഷ്ണ പൊലീസിനോട് പറഞ്ഞത്.
എന്നാൽ കേസ് അന്വേഷണം പുരോഗമിക്കവെ സായ് കൃഷ്ണയിൽ പൊലീസിന് സംശയം തോന്നിത്തുടങ്ങി. ചില സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സായ് കൃഷ്ണയ്ക്ക് പ്രതികൂലമായി. ഒടുവിൽ ചോദ്യം ചെയ്യലിനൊടുവിൽ സായ് കൃഷ്ണ കുറ്റം സമ്മതിച്ചു.
വിവാഹിതനായ സായ് കൃഷ്ണയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇതിന് പിന്നാലെയാണ് സായ് കൃഷ്ണ അപ്‌സരയുമായി പ്രണയത്തിലാകുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്യാൻ അപ്‌സര സായ് കൃഷ്ണയെ നിർബന്ധിച്ചതോടെ സായ് കൃഷ്ണ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തി.
ഷംഷാബാദിൽ വച്ച് അപ്‌സരയെ കൊലപ്പെടുത്തിയ സായ് കൃഷ്ണ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സരൂർനഗറിലേക്ക് മാറ്റി. പിന്നാലെ താൻ ജോലി ചെയ്യുന്ന ക്ഷേത്രത്തിന് അടുത്തുള്ള എംആർഒ ഓഫിസിന് പിന്നിലുള്ള മാൻഹോളിൽ മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ചു. സംഭവത്തിൽ സായ് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.