Tuesday, January 7, 2025
National

കർണാടകയിൽ ‘ശക്തി’ പദ്ധതിക്ക് നാളെ തുടക്കം; ‘ഗൃഹജ്യോതി’, ‘അന്ന ഭാഗ്യ’ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 1 ന്

കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ശക്തി’ പദ്ധതി പ്രകാരം സ്ത്രീകൾക്ക് അതിർത്തി സംസ്ഥാനങ്ങളിൽ 20 കിലോമീറ്റർ വരെ സൗജന്യമായി ബസിൽ യാത്ര ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെയാണ് പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി കൂടുതൽ വ്യക്തത വരുത്തിയത്.

കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യ ബസ്‌ യാത്ര ഉറപ്പുവരുത്തുന്നതാണ് ‘ശക്തി’ പദ്ധതി. എക്‌സ്പ്രസ് ബസ് സർവീസുകൾ, എസി, വോൾവോ എന്നിവ ഒഴികെയുള്ള എല്ലാ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടക അതിർത്തിയോട് ചേർന്നുള്ള സംസ്ഥാനങ്ങളിൽ ആദ്യ 20 കിലോമീറ്റർ സൗജന്യമായി യാത്ര ചെയ്യാം. ‘ഉദാഹരണത്തിന്, ബല്ലാരി മുതൽ ആന്ധ്രാപ്രദേശിനുള്ളിൽ 20 കിലോമീറ്റർ വരെ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം’-സിദ്ധരാമയ്യ പറഞ്ഞു.

വിധാന സൗധയിൽ നാളെ രാവിലെ 11 ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും. മജസ്റ്റിക് മുതല്‍ വിധാന സൗദവരെ 4 കിലോമീറ്റര്‍ സിദ്ധരാമയ്യ ഈ ബസില്‍ കണ്ടക്ടറായി യാത്ര ചെയ്യുകയും ചെയ്യും. സൗജന്യ യാത്ര ലഭ്യമാക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും സ്ത്രീകള്‍ ക യ്യില്‍ കരുതണം. ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം സ്ത്രീകളും പദ്ധതിയുടെ ഭാഗമാകും. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന ‘ഗൃഹജ്യോതി’ ജൂലൈ 1 മുതൽ കലബുറഗിയിൽ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേ ദിവസം തന്നെ ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരിയോ ഭക്ഷ്യധാന്യമോ നൽകുന്ന ‘അന്ന ഭാഗ്യ’ പദ്ധതി മൈസൂരുവിൽ തുടക്കം കുറിക്കും. ‘ഗൃഹ ലക്ഷ്മി’ പദ്ധതി (ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതി) ഓഗസ്റ്റ് 16 ന് ജില്ലാ ആസ്ഥാനമായ ബെലഗാവിയിൽ നിന്ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *