Friday, January 3, 2025
National

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന

ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം.

ഇന്ത്യയിലെ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനകളിലൊന്നായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു.

ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുകയാണന്നും വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു വിധത്തിലുള്ള താല്‍പര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവനനികുതിയില്‍ നിരവധി അപാകതകള്‍ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *