Saturday, October 19, 2024
National

പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയ്ക്ക് പകരം ‘ഭാരത്’; ജി.20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം

ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ഡൽഹിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ സ്വീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെകട്ടറി ജനറൽ അന്‍റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്‍ അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, ജര്‍മന്‍ ചാന്‍സലര്‍ ഉലാഫ് ഷോയല്‍സ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡിസില്‍വ തുടങ്ങിയവര്‍ ഉച്ചകോടിക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്.

ഒരുമിച്ച് നിന്ന് മുന്നേറാമെന്ന് ജി20 ഉച്ചകോടിക്ക് തുടക്കംകുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതേസമയം ജി.20 യിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്നാണ് എഴുതിയിരിക്കുന്നത്.

ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാവും. ഇതിന് പുറമെ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകളും പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകും. . ജി20യിൽ ആഫ്രിക്കൻ യൂണിയന് പൂർണ്ണ അംഗത്വം നൽകി. ഇന്ത്യയുടെ നിർദേശം ജി.20 അംഗികരിച്ചു.

പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന ലോക നേതാക്കള്‍ക്ക് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസം.

Leave a Reply

Your email address will not be published.