Saturday, January 4, 2025
National

‘കേരളം രാജ്യത്തിന് മാതൃക’; ആരോഗ്യ വകുപ്പിന്‍റെ ജീവിതശൈലീ ക്യാംപെയിനെ അഭിനന്ദിച്ച് കേന്ദ്രം

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയാണെന്ന് കേന്ദ്രം. സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നവീന ആരോഗ്യ പദ്ധതികളായ ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍, ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്കായുള്ള ശ്വാസ് പദ്ധതി, നേത്രപടല അന്ധത കണ്ടെത്തുന്നതിനുള്ള റെറ്റിനോപ്പതി പദ്ധതി, സാന്ത്വന ചികിത്സാ പദ്ധതി, നവജാത ശിശുക്കളിലെ സ്‌ക്രീനിംഗ്, ഹബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റം തുടങ്ങിയ പദ്ധതികള്‍ രാജ്യത്താകമാനം മാതൃകയാകുമെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സിലാണ് ആരോഗ്യ മേഖലയിലെ പുതിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചത്.

‘ജീവിതശൈലീ രോഗങ്ങളും പോഷകാഹാരങ്ങളും’ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളും അവ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചു വരുന്ന പുതിയ പദ്ധതികള്‍, നയപരമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പുതിയ നേട്ടങ്ങള്‍ എന്നിവ സംബന്ധിച്ചും അവതരണം നടത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പോഷകാഹാരത്തിന്റെ കുറവ് കൊണ്ടും കൂടുതല്‍ കൊണ്ടും കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍, അവ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നയപരമായും അല്ലാതെയുമായി നടപ്പിലാക്കുന്ന പരിശോധനകള്‍, പരിപാടികള്‍ എന്നിവയും എടുത്തു പറയാനായി- മന്ത്രി പറഞ്ഞു.

കാന്‍സര്‍ കെയര്‍, ആന്റി മൈക്രോബയല്‍ റെസിസ്റ്റന്‍സ് സര്‍വയലന്‍സ്, മെറ്റബോളിക് സ്‌ക്രീനിംഗ്, സാംക്രമിക രോഗ സ്ഥിരീകരണം, ക്ഷയരോഗ നിര്‍ണയം, ഔട്ട്‌ബ്രേക്ക് റസ്‌പോണ്‍സ് ലാബ് സിസ്റ്റം എന്നിവയ്ക്ക് വേണ്ടി ജില്ലകളില്‍ ഹബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റവും തയ്യാറാക്കി വരുന്നു. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 60 ലക്ഷത്തോളം ആള്‍ക്കാരെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇതിലൂടെ കാന്‍സര്‍ രോഗ സാധ്യത കണ്ടെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. കുട്ടികളുടെ ആരോഗ്യ സ്‌ക്രീനിംഗിനായി ശലഭം, ഹൃദ്യം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി വഴി 5,200ലധികം പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *