രാഹുല്‍ ഗാന്ധി തുഗ്ലകിലെ വസതിയിലേക്ക് തിരികെ; തീരുമാനം പാര്‍ലമെന്ററി ഹൗസിങ് കമ്മിറ്റിയുടേത്
ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതി തിരികെ ലഭിക്കും. പാര്‍ലമെന്ററി ഹൗസിങ് കമ്മിറ്റിയുടേതാണ് തീരുമാനം. മോദി പരാമര്‍ശത്തിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഏപ്രില്‍ 22നാണ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞത്. തുടര്‍ന്ന് ജന്‍പഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു രാഹുലിന്റെ താമസം.
പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചതോടെ ഇന്നലെയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് എത്തിയത്. വന്‍ ആഘോഷത്തോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ സ്വീകരിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്ന് രാഹുല്‍ സംസാരിക്കില്ല. മണിപ്പൂര്‍ വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം.
വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്‌ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അയോഗ്യ നീങ്ങിയതോടെ ഇന്ത്യ മുന്നണിയെ മുന്‍നിര്‍ത്തിക്കൊണ്ട് വീണ്ടും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.