Saturday, January 4, 2025
National

‘ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം’; അഞ്ച് ലക്ഷം രൂപ സാമ്പത്തികമായും ഭവന നിർമ്മാണത്തിന് 1.50 ലക്ഷം രൂപയും നൽകി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിലെ സീധിയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച വിഷയത്തിൽ വീണ്ടും ഇടപെട്ട് മധ്യപ്രദേശ് സർക്കാർ. ദഷ്മത്ത് റാവത്തിന് അഞ്ച് ലക്ഷം രൂപ സഹായവും 1.50 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുള്ള ധനസഹായവും സർക്കാർ നൽകി.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരമാണ് സഹായങ്ങൾ നൽകിയതെന്ന് സിധി കളക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച് കളക്ടർ ഒരു ട്വീറ്റും പങ്കുവച്ചിട്ടുണ്ട്.

അതിക്രമം നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രതിയുടെ വീട് പൊളിച്ചുനീക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജൂലൈ 6-ന് ദഷ്മത്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ക്ഷണിക്കുകയും മുഖ്യമന്ത്രി ക്ഷമ പറയുകയും പ്രായശ്ചിത്തമായി കാലുകഴുകുകയുമായിരുന്നു.

ഒരു ജനതയുടെ മുഴുവൻ മാപ്പ് പറയുന്നു എന്നായിരുന്നു ദഷ്മത്തിനോട് മുഖ്യമന്ത്രി പറഞ്ഞത്. തുടർന്ന് ദഷ്മത്തിന് ഉപഹാരങ്ങൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തോട് സംസാരിക്കുകയും അവരോടും മുഖ്യമന്ത്രി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *