വാക്‌സീന്‍ എടുത്തവർ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കും
ഡല്‍ഹി: രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുകയെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യോമയാന, ആരോഗ്യ മന്ത്രാലയങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിമാനക്കമ്പനികളും വിമാനത്താവളങ്ങളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു. ഒഡിഷ, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പുറത്തുനിന്നു വരുന്ന യാത്രക്കാര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിബന്ധന വച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി കാര്യമായി ബാധിച്ച ആഭ്യന്തര വിമാന സര്‍വീസ് മേഖലയാണ് രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന ആവശ്യം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍ വച്ചത്.
വിദേശ വിമാന യാത്രക്കാരുടെ കാര്യത്തില്‍ ഈ ഇളവിന് കേന്ദ്രം തയാറല്ല. ജൂണ്‍ 4ന് ചേര്‍ന്ന ജി7 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. കോവിഡ് ഇത്രയും വ്യാപകമായ പശ്ചാത്തലത്തില്‍ പൂര്‍ണമായി വാക്‌സീന്‍ എടുത്തതിനാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം എന്ന മാറ്റം വരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും വിയോജിക്കുന്നു എന്നുമുള്ള നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ സ്വീകരിച്ചത്.