Sunday, April 13, 2025
National

ഡൽഹി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾക്ക് ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിതയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി.

ഇൻഡോസ്പിരിറ്റ്‌സ് എന്ന മദ്യക്കമ്പനിയിൽ കെ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് ആരോപിച്ചാണ് ഇഡി കേസിലെ കുറ്റപത്രത്തിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഉൾപ്പെടുത്തിയത്. അതേസമയം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. നേരത്തെ 2022 ഡിസംബർ 11 ന് ഹൈദരാബാദിലെ വീട്ടിൽ വച്ച് കവിതയെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.

കവിതയുടെ കമ്പനിയിലെ പ്രധാനിയാണ് അറസ്റ്റിലായ അരുൺ രാമചന്ദ്രൻ പിള്ള. കവിതയുടെ ബിനാമിയായി അരുൺ പ്രവർത്തിച്ചുവെന്നാണ് ഇഡിയുടെ വാദം. ആം ആദ്മി പാർട്ടിക്ക് 100 കോടി രൂപ കൈക്കൂലി നൽകാൻ അരുൺ സൗത്ത് ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി ഇഡി അറസ്റ്റ് ചെയ്ത പിള്ളയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. പിള്ളയെ കോടതി മാർച്ച് 13 വരെ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ഈ കേസിൽ ഇഡിയുടെ പതിനൊന്നാമത്തെ അറസ്റ്റാണിത്.

Leave a Reply

Your email address will not be published. Required fields are marked *