രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ ലൈൻ മാത്രമാണ് പ്രവര്‍ത്തിക്കുക. യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുണ്ട്. കൊൽക്കത്ത ഒഴികെയുള്ള മിക്ക നഗരങ്ങളിലും മെട്രോ സർവീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊച്ചി മെട്രോയും
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സേവനം പുനരാരംഭിക്കാനുള്ള കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വലിയ മുന്നൊരുക്കങ്ങളോടെയാണ് സേവനം പുനരാരംഭിക്കുന്നത്. ഒരേസമയം 150 പേര്‍ക്ക് മാത്രമാണ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനാകുക. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ട്രാക്കിലിറങ്ങുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റേഷനുകളും ട്രയിനുകളും പൂര്‍ണ്ണമായും അണുവിമുക്തമാക്കിയാകും സര്‍വീസുകള്‍. ഓരോ യാത്രക്ക് ശേഷവും കമ്പാര്‍ട്ടുമെന്‍റുകള്‍ അണുവിമുക്തമാക്കും. യാത്രക്കാരെയും പരിശോധിച്ച ശേഷം മാത്രമേ സ്റ്റേഷനിലേക്ക് കയറ്റി വിടൂ.
സമൂഹിക അകലം പാലിക്കാന്‍ സ്റ്റേഷനിലും കമ്പാര്‍ട്ട്മെന്‍റിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ട്. നേരത്തെ 900 യാത്രക്കാര്‍ ഒരു സര്‍വീസില്‍ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഇന്ന് മുതല്‍ 150 പേര്‍ക്ക് മാത്രമേ യാത്ര സാധിക്കൂ. സമയത്തിലും മാറ്റങ്ങളുണ്ട്. ആദ്യ രണ്ട് ദിവസം 7 മുതല്‍ രാത്രി 8 വരെയാണ് സര്‍വീസ് ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും പിന്നീട് 7 മണി മുതല്‍ 9 മണിവരെയും സര്‍വീസ് നടത്തും. ഒരു മണിക്കൂര്‍ സമയം ഉച്ചയ്ക്ക് സര്‍വീസ്
ഉണ്ടാകില്ല. യാത്ര നിരക്കിലും മെട്രോ കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അതേസമയം 1.33 കിലോമീറ്റര്‍ കൂടി മെട്രോ സര്‍വ്വീസ് ഇനിയുണ്ടാകും. തൈകൂടത്ത് നിന്ന് പേട്ട സ്റ്റേഷന്‍ വരെയാണ് ഇത്. പേട്ട സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും