കനത്ത മഞ്ഞുവീഴ്ച; അരുണാചൽപ്രദേശിൽ ഏഴ് സൈനികരെ കാണാതായി
അരുണാചൽ പ്രദേശിൽ അതിശക്തമായ മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഏഴ് സൈനികരെ കാണാതായി. പട്രോളിങ്ങിന്റെ ഭാഗമായി പോയ സൈനികരെ ഞായറാഴ്ച്ചയാണ് കാണാതായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കമെങ് മേഖലയിലെ ഉയർന്ന പ്രദേശത്താണ് ഹിമപാതം ഉണ്ടായത്.
രക്ഷാപ്രവർത്തനത്തിനുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. കാണാതായവരെ കണ്ടെത്താൻ സൈന്യം വ്യോമമാർഗം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയോടു കൂടിയ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.