Sunday, April 13, 2025
National

മോശം കാലാവസ്ഥ, ഹെലികോപ്റ്ററിൽ വരാൻ കഴിയില്ല; മാപ്പ് ചോദിച്ച് മോദി

ഉത്തർപ്രദേശിലെ ബിജ്‌നോറി ജനതയോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നേരിട്ട് പ്രചാരണത്തിന് എത്താൻ കഴിയാത്തതെന്ന് മോദി പറഞ്ഞു. ‘ജാൻ ചൗപാൽ’ റാലി വെർച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പ്രധാനമന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് റാലിയിൽ നേരിട്ട് പങ്കെടുക്കാൻ മോദിക്ക് കഴിഞ്ഞിരുന്നില്ല.

“ആദ്യം തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചില ഇളവുകൾ നൽകിയതിന് പിന്നാലെ ബിജ്‌നോറിൽ (യുപി) നേരിട്ട് എത്തി പ്രചാരണം നടത്തണമെന്ന് ആഗ്രഹിച്ചതാണ്. എന്നാൽ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ എടുക്കാൻ കഴിഞ്ഞില്ല. വീണ്ടും വീഡിയോ കോൺഫറൻസിംഗിലൂടെ മാത്രമേ നിങ്ങളെ കാണാൻ സാധിക്കൂ..” മോദി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന ദാഹം ശമിപ്പിക്കുന്നതിനും ദാരിദ്ര്യത്തിൽ നിന്നുള്ള മോചനത്തിനും മുൻ സർക്കാരുകൾ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാരുകളെ നയിച്ച രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെയും കൂട്ടാളികളുടെയും ദാഹം ശമിപ്പിക്കാനാണ് ശ്രമിച്ചത്. “അവർ സ്വന്തം ഖജനാവ് നിറയ്ക്കാൻ ശ്രമിച്ചു. ഈ സ്വാർത്ഥ ദാഹം വികസനത്തിന്റെ നദിയെ വറ്റിച്ചു. വ്യാജ ‘സമാജ്വാദികളും’ കൂട്ടാളികളും കാരണം വികസനം സ്തംഭനാവസ്ഥയിലായിരുന്നു”- മോദി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *