Saturday, April 12, 2025
National

ജോഡോ യാത്ര കര്‍ണാടകയില്‍ തുടരുന്നു; പദയാത്രയില്‍ രഹുലിനൊപ്പം സോണിയ ഗാന്ധിയും

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ പുനരാരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്നത്തെ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. നെഹ്റു കുടുംബാംഗങ്ങള്‍ ഒന്നിച്ച് സംസ്ഥാനത്തെത്തിയതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.

രാവിലെ പാണ്ടവപുരയില്‍ നിന്നാണ് പദയാത്ര തുടങ്ങുക. രാഹുല്‍ഗാന്ധിക്ക് പുറമെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്നത്തെ പദയാത്രയില്‍ പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് എത്തുന്നുണ്ട്. നെഹ്റു കുടുംബാംഗങ്ങളുടെ സാന്നിധ്യം പദയാത്രക്ക് കൂടുതല്‍ ആവേശം പകരും.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിക്കല്‍ കൂടിയായാണ് ഭാരത് ജോഡോ യാത്രയെ സംസ്ഥാന നേതൃത്വം നോക്കിക്കാണുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലുള്ള ഭിന്നതയില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. തിങ്കളാഴ്ച സംസ്ഥാനത്തെത്തിയ സോണിയഗാന്ധി, ഇരു നേതാക്കളെയും പ്രത്യേകം പ്രത്യേകം കണ്ടിരുന്നു. നിര്‍ണായക ഘട്ടമായതിനാല്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിര്‍ദേശമാണ് ഇരുവര്‍ക്കും പാര്‍ട്ടി അധ്യക്ഷ നല്‍കിയത്.

ഭാരത് ജോഡോ യാത്ര ഇരുനേതാക്കളുടെയും ഐക്യത്തിന് വഴിവെക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്കുമുണ്ട്. ഇന്നത്തെ പദയാത്രയില്‍, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തേക്കും.

 

Leave a Reply

Your email address will not be published. Required fields are marked *