ട്രാക്ടര്‍ റാലി തടയാന്‍ ശ്രമിച്ച് ഹരിയാന പോലിസ്; 5000 മണിക്കൂര്‍ ആയാലും കാത്തിരിക്കുമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി അതിര്‍ത്തിയില്‍ തടയാന്‍ ഹരിയാന പോലിസ് ശ്രമം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നതോടെ ഉപാധികളോടെ റാലി തുടരാന്‍ പോലിസ് അനുമതി നല്‍കി. ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റാലി പോലിസ് തടഞ്ഞത്.
പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പോലിസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം സൃഷ്ടിച്ച പോലിസിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. എന്നാല്‍, ഒരിക്കലും പിന്നോട്ട് പോവില്ലെന്ന് രാഹുല്‍ അറിയിച്ചതോടെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ പോലിസ് അനുമതി നല്‍കി.
ഹരിയാന അതിര്‍ത്തിയിലെ പാലത്തില്‍ വച്ച് അവര്‍ ഞങ്ങളെ തടഞ്ഞു. താന്‍ മുന്നോട്ട് പോവില്ലെന്നും ഇവിടെ കാത്തിരിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറോ അഞ്ചു മണിക്കൂറോ 24 മണിക്കൂറോ 100 മണിക്കൂറോ 1000 മണിക്കൂറോ 5000 മണിക്കാറോ കാത്തിരിക്കാന്‍ ഒരുക്കമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.