രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം; കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നല്‍കും
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നല്‍കും. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലോക്‌സഭ സെക്രട്ടറിയേറ്റിന് കിട്ടിയ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നല്‍കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് വിജ്ഞാപനം ഉടന്‍ പുറത്തിറക്കിയിരിക്കും.
അയോഗ്യത നീക്കിയാല്‍ തിങ്കളാഴ്ച രാഹുലിന് സഭാ നടപടികളില്‍ പങ്കെടുക്കാം. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. അപകീര്‍ത്തി കേസില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെയാണ് രാഹുലിന്റെ അയോഗ്യത നീങ്ങുന്നത്. അയോഗ്യ നീങ്ങുന്നതോടെ രാഹുലിന് ഇനി വയനാടിന്റെ എംപിയായി തുടരാം. അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.