Tuesday, April 15, 2025
National

മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ വേഗം കൂടാം: സര്‍ക്കാരിന്റെ വിദഗ്ധ സമിതിയിലെ അംഗം

ന്യൂഡൽഹി: ജാഗ്രത പാലിക്കാത്തപക്ഷം കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും മധ്യേ ഉച്ചസ്ഥായിയിൽ എത്താമെന്ന് വിലയിരുത്തൽ. രോഗവ്യാപനം വിലയിരുത്താൻ ശാസ്ത്ര- സാങ്കേതിക മന്ത്രാലയം രൂപവത്കരിച്ച സമിതിയിലെ അംഗം ഡോ. മനീന്ദ്ര അഗർവാളാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാം തരംഗത്തിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിൽ പ്രതിദിനം രോഗം ബാധിച്ചവരുടെ പകുതി മാത്രം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ വകഭേദങ്ങൾ ഉണ്ടായാൽ മൂന്നാം തരംഗത്തിൽ രോഗവ്യാപനം അതിവേഗം നടന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

SUTRA (S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ച് കോവിഡ് വ്യാപനം സംബന്ധിച്ച നിഗമനങ്ങളിൽ എത്തിച്ചേരുന്ന വിദഗ്ധ സമിതിയിലെ അംഗമാണ് ഡോ. അഗർവാൾ. ഗണിത മാതൃകകൾ ഉപയോഗിച്ച് മഹാമാരിയുടെ തീവ്രത പ്രവചിക്കാൻ ലക്ഷ്യമിട്ടുള്ള വിദഗ്ധ സമിതി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം കഴിഞ്ഞ വർഷമാണ് രൂപവത്കരിച്ചത്. കാൺപുർ ഐഐടിയിലെ ശാസ്ത്രജ്ഞനായ അഗർവാളിന് പുറമെ ഹൈദരാബാദ് ഐഐടിയിലെ ശാസ്ത്രജ്ഞൻ എം വിദ്യാസാഗർ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഉപമേധാവി ലഫ്. ജനറൽ മാധുരി കണിത്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

രോഗപ്രതിരോധശേഷി, വാക്സിനേഷന്റെ ഫലം, കോവിഡിന്റെ പുതിയ വകഭേദങ്ങൾ എന്നിവയാകും മൂന്നാം തരംഗത്തിലെ നിർണായക ഘടകങ്ങൾ. മൂന്നാം തരംഗം സംബന്ധിച്ച് സമിതി നടത്തിയ വിലയിരുത്തലുകളുടെ വിശദാംശങ്ങൾ ഉടൻ ഔദ്യോഗികമായി പുറത്തുവിടും. കോവിഡിന്റെ മൂന്നാം തരംഗത്തിനിടെ രാജ്യത്തെ പ്രതിദിന കേസുകൾ 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ഉയരാമെന്ന് ഡോ. അഗർവാൾ വിലയിരുത്തുന്നു. രണ്ടാംതരംഗത്തിൽ രേഖപ്പെടുത്തിയ പ്രതിദിന കേസുകളുടെ പകുതിയിൽ താഴെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *