‘പൊലീസ് വേഷത്തിൽ കള്ളന്മാർ’; മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ 2 പേർ അറസ്റ്റിൽ
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളിൽ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.
മഹേന്ദ്ര, മനോജ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ രാജാസർ-ബിക്കാനീർ റോഡിൽ ദേരജ്‌സറിന് സമീപം നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു.
ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 27 ലക്ഷം രൂപയും രണ്ട് കിലോഗ്രാം തൂക്കമുള്ള 20 സ്വർണ ബിസ്‌ക്കറ്റുകളും (ഏകദേശം 1.10 കോടി രൂപ വിലയുള്ള) 15 പവൻ വജ്രാഭരണങ്ങളും (1.25 കോടി രൂപ വിലമതിക്കുന്ന) 18 ലക്ഷം രൂപയും കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. മുംബൈയിലെ സിയോൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.