Saturday, April 12, 2025
National

ഒമിക്രോൺ തീവ്രമായേക്കില്ല; മൂന്നാം തരം​ഗ സാധ്യത കുറവ്: ​ആരോ​ഗ്യമന്ത്രാലയം

 

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മുൻ വകഭേദങ്ങളേക്കാൾ ഒമിക്രോൺ ബാധിച്ചവര് വേ​ഗത്തിൽ സുഖപ്പെടുന്നുണ്ടെന്നും രോ​ഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരം​ഗ സാധ്യത കുറവാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോൺ ബാധിതരിൽ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുൻകരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

നിലവിലെ കോവിഡ് വാക്‌സിൻ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു. നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാൻ ഒമിക്രോണിനാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടെന്ന് വാദവും ശക്തമാണ്.
40 വയസിന് മുകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് രോഗങ്ങളലട്ടുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യവും സർക്കാറിന്റെ പരി​ഗണനയിലുണ്ട്.

അതേസമയം കുട്ടികളിൽ കോവിഡ് വ്യാപന തോത് ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധർ രം​ഗത്തെത്തി. വെള്ളിയാഴ്ച ഒറ്റരാത്രികൊണ്ട് രാജ്യത്ത് ആകെ 16,055 കോവിഡ് കേസുകളും, 25 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. നിലവിൽ കുട്ടികളിലെ രോഗസ്ഥിരീകരണ നിരക്ക് ഉയർന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.

മുമ്പ് കോവിഡ് മഹാമാരി കുട്ടികളെ കാര്യമായി ബാധിക്കുന്നതായി കണ്ടിരുന്നില്ല. എന്നാൽ കോവിഡ് മൂന്നാം തരംഗത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും, 15 മുതൽ 19 വരെ പ്രായമുള്ള കൗമാരക്കാർക്കിടയിലും രോഗബാധ കണ്ടിരുന്നു. ഇപ്പോൾ നാലാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ പ്രായക്കാർക്കിടയിലും, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ളവരിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസിലെ (എൻഐസിഡി) ഡോ വസീല ജസ്സത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *