Tuesday, April 15, 2025
National

കാർഷിക നിയമം കോടതിയുടെ പരിഗണനയിൽ ഇരിക്കെ പ്രതിഷേധം എന്തിനാണ്: സുപ്രീം കോടതി

 

ന്യൂഡെൽഹി: കോടതിയിൽ കാർഷിക നിയമത്തെ ചോദ്യം ചെയ്തതിനു ശേഷവും കർഷകർ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് നിശിതമായി ചോദിച്ച് സുപ്രീം കോടതി. കാർഷിക നിയമങ്ങൾക്കെതിരെയുള്ള ഹർജികൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഇന്ന് സുപ്രീം കോടതി പറഞ്ഞു.

ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധത്തിന് അനുമതി തേടി കർഷക കൂട്ടായ്മ സമർപ്പിച്ച ഹർജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. ഒക്ടോബർ 21 ന് നടക്കുന്ന അടുത്ത വിചാരണയിൽ, പ്രതിഷേധിക്കാനുള്ള അവകാശം ഒരു സമ്പൂർണ്ണ അവകാശമാണോ എന്ന് തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു.

ജന്തർ മന്തറിൽ 200 കർഷകരുമായി “സത്യാഗ്രഹം” നടത്താൻ അനുമതി തേടി രാജസ്ഥാൻ ആസ്ഥാനമായുള്ള കർഷക കൂട്ടായ്മയായ “കിസാൻ മഹാപഞ്ചായത്ത്” സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഇന്ന് സുപ്രീം കോടതി.

“ഇന്നലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായതുപോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിന് കൂടുതൽ പ്രതിഷേധങ്ങൾ പാടില്ല” എന്ന് സർക്കാർ വാദിച്ചു. ഇന്നലെ ഒരു കേന്ദ്രമന്ത്രിയുടെ ലഖിംപൂർ ഖേരി സന്ദർശനത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ ഇന്നലെ കൊല്ലപ്പെട്ടു.

കേന്ദ്ര മന്ത്രി അജയ് സിംഗ് മിശ്രയുടെ മകൻ ആശിഷ് ഓടിച്ച വാഹനം ഇടിച്ചാണ് ആളുകൾ കൊല്ലപ്പെട്ടത് എന്ന് കർഷകർ ആരോപിക്കുന്നു. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

നഗരത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന് പ്രതിഷേധ സംഘങ്ങൾക്കെതിരെ കോടതി നേരത്തെ ആക്ഷേപം ഉന്നയിക്കുകയും ദേശീയ പാതകൾ തടയുന്ന സംഘത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാർഷിക നിയമങ്ങൾക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുന്നതിനെയും ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുമതി നൽകണമെന്നതിനെയും സുപ്രീം കോടതി എതിർത്തു.

“നിങ്ങൾ ഇതിനകം കാർഷിക നിയമത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ പ്രതിഷേധിക്കാൻ അനുവദിക്കാനാകില്ല. കോടതിയിൽ വരുകയും പുറത്ത് പ്രതിഷേധിക്കുകയും ഒരുമിച്ച് നടക്കില്ല. വിഷയം ഇതിനകം തന്നെ കോടതിയുടെ പരിഗണയിൽ ആണെങ്കിൽ പ്രതിഷേധം അനുവദിക്കാനാവില്ല,” കോടതി പറഞ്ഞു.

“തൽക്കാലം കാർഷിക നിയമങ്ങൾ നടപ്പാക്കുന്നില്ലെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട് കാർഷിക നിയമം നടപ്പാക്കുന്നതിന് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേയും ഉണ്ട് എന്നിരിക്കെ നിങ്ങൾ എന്തിനാണ് പ്രതിഷേധിക്കുന്നത്?” – ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും സി ടി രവികുമാറും ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *