Tuesday, January 7, 2025
National

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ ചേർന്നു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം നേടിയത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് അംഗത്വം നേടിയ ശേഷം അദ്ദേഹം പറഞ്ഞു.

ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശരത് പട്‌നായിക്, സംസ്ഥാന ഇൻചാർജ് എ ചെല്ല കുമാർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ടിർക്കി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള സുന്ദർഗഡ് ജില്ലയിലെ തൽസറ സീറ്റിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രവർത്തനം തന്നെ വളരെയധികം സ്വാധീനിച്ചെന്നും അതിനാലാണ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും ടിർക്കി പറഞ്ഞു. തന്റെ കുടുംബത്തിന് കോൺഗ്രസുമായി ദീർഘകാല ബന്ധമുണ്ട്. ആദിവാസി സമൂഹത്തിന് സർക്കാർ പദ്ധതികളിൽ നിന്ന് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നും തൽസറ പ്രദേശത്തെ ജനങ്ങൾ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

2000-ൽ ജൂനിയർ ഏഷ്യാ കപ്പിലാണ് പ്രബോധ് ടിർക്കി അരങ്ങേറ്റം കുറിച്ചത്. സബ് ജൂനിയർ, ജൂനിയർ, ഇന്ത്യ-എ ടീമുകളുടെ ദേശീയ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒടുവിൽ ഇന്ത്യൻ സീനിയർ ടീം ക്യാപ്റ്റനായി. രാജ്യത്തിനുവേണ്ടി 135 അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *