Saturday, April 12, 2025
National

പ്രതീക്ഷകൾക്ക് അപ്പുറം കുതിച്ച് വിക്രം ലാൻഡർ; ചന്ദ്രോപരിതലത്തിൽ സ്വയം സ്ഥാനം മാറ്റുന്ന പരീക്ഷണം വിജയകരം

ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിലിറങ്ങി ദിവസങ്ങൾക്ക് ശേഷം, വിക്രം ലാൻഡർ വീണ്ടും ചന്ദ്രോപരിതലത്തിൽ “സോഫ്റ്റ് ലാൻഡിംഗ്” നടത്തിയതായി ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. വിക്രം ലാൻഡർ സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങിയെന്ന് ഇസ്രോ അറിയിച്ചു. 30 മുതൽ 40 സെൻ്റിമീറ്റർ അകലേയ്ക്കാണ് നീങ്ങിയത്. കിക്ക് സ്റ്റാർട്ട് പ്രക്രിയ വഴിയാണ് ലാൻഡറിൻ്റെ നീക്കം. മനുഷ്യദൗത്യത്തിന് പ്രതീക്ഷ നൽകുന്ന നീക്കമെന്ന് ഐഎസ്ആർഒ പറഞ്ഞു. കിക്ക് സ്റ്റാർട്ട് വഴി പേടകം ഭൂമിയിൽ തിരിച്ചെത്തിയ്ക്കാൻ സാധിക്കുമെന്നും ഇതിൻ്റെ പരീക്ഷണവും വിജയം കണ്ടെന്ന് ഇസ്രോ അറിയിച്ചു.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ലെ റോവറിന്റെ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു. റോവറിനെ സുരക്ഷിതസ്ഥാനത്ത് നിര്‍ത്തിയതായും സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും അറിയിച്ചു. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലാണ് റോവറിനെ ഇതിലേക്ക് മാറ്റിയതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.

റോവറിലെ എ.പി.എക്‌സ്.എസ്, എല്‍.ഐ.ബി.എസ്. പേലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പേലോഡുകളിലെ വിവരങ്ങള്‍ ലാന്‍ഡര്‍ വഴി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജുള്ള റോവറിന്റെ സോളാര്‍ പാനലുകള്‍ അടുത്ത സൂര്യോദയമായ സെപ്റ്റംബര്‍ 22-ന് വെളിച്ചം ലഭിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിരിക്കുകയാണ്. റിസീവര്‍ ഓണ്‍ ആക്കിവെച്ചിരിക്കുകയാണ്. മറ്റൊരുകൂട്ടം ജോലികള്‍ക്കായി വീണ്ടും റോവര്‍ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും നിലനില്‍ക്കുമെന്നും ഐ.എസ്.ആര്‍.ഒ. എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *