‘ഇത്രയും വലിയ മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല’; അശ്വിനി വൈഷ്ണവിനെ വിമർശിച്ച് കപിൽ സിബൽ
ദില്ലി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. ഒരു മന്ത്രിക്ക് ഇത്രയും വലിയ മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാനാവില്ലെന്ന് കപിൽ സിബൽ പറഞ്ഞു. ഐടി, ഇലക്ട്രോണിക്സ്, റെയില്‍വെ വകുപ്പുകളാണ് അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യുന്നത്. ആരും ഉത്തരവാദിത്വമേറ്റെടുക്കുന്നില്ല. സമ്പന്നർക്കായി പ്രവര്‍ത്തിക്കുമ്പോൾ സാധാരണക്കാരെ അവഗണിക്കുന്നുവെന്നും സിബല്‍ കുറ്റപ്പെടുത്തി.
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലാല്‍ ബഹദൂർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ, റെയില്‍വെ മന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണണമെന്ന് കോണ്‍ഗ്രസ് വക്താവ് പവര്‍ഖേര ആവശ്യപ്പെട്ടു.കോറമാണ്ഡലിലിലെ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും സാധിക്കുമായിരുന്നില്ല.
ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പുരാണങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും പഠിക്കണം.ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി റെയില്‍വെ മന്ത്രി രാജിവെക്കണം.സിഎജി റിപ്പോർട്ട് ചർച്ച ചെയ്യേണ്ടതുണ്ട്.പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നിലിങ് സിസ്റ്റത്തില്‍ ഉണ്ടായ വീഴ്ച കുറ്റകരമാണ്.സ്വാഭാവിക ദുരന്തമല്ല ഉണ്ടായത്. ഉപേക്ഷ കൊണ്ട് ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ഖേര കുറ്റപ്പെടുത്തി.ദുരന്തത്തിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.