Friday, October 18, 2024
National

എൻസിപിയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിച്ചിരുന്നെന്ന് ശരദ് പവാർ

എൻസിപി യെ ഒപ്പം നിർത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി ശരദ് പവാർ. 2019 ൽ എൻസിപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായിരുന്നു ക്ഷണം. ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് ‘ലോക് മഹ്ജെ സംഗതി’ യിലാണ് പവാറിന്റെ വെളിപ്പെടുത്തൽ. ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വ്യക്തമാക്കിയന്നും അദ്ദേഹം പറയുന്നു.

2015നു ശേഷമുണ്ടായ കാര്യങ്ങളാണ് ആത്മകഥയിൽ പ്രധാനമായും പങ്കുവയ്ക്കുന്നത്. എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് 2019ൽ ആവശ്യം ഉന്നയിച്ചിരുന്നെന്നും ആത്‌മകഥയിൽ പറയുന്നു.

അതേസമയം, എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ തിരുമാനം പിൻവലിയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. മുതിർന്ന നേതാക്കളുടെ രാജി പ്രഖ്യാപനത്തിന് ശേഷവും തിരുമാനം പിൻവലിയ്ക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ നിയോഗിച്ച സമിതി ഇന്നും യോഗം ചേരും. കേരളത്തിൽ നിന്നുള്ള നേതാക്കളും ഇന്ന് പവാറിനെ കാണും. പി.സി.ചാക്കോയും മന്ത്രി എ.കെ. ശശീന്ദ്രനും അടക്കമുള്ളവരാണ് പവാറിനെ കാണുക. ഇതിനിടെ, സുപ്രിയ സുലെ എൻസിപിയുടെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം.

എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. പ്രഖ്യാപന ഘട്ടത്തിൽ തന്നെ സദസ്സിലും വേദിയിലുമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും നേതാക്കളും ശരദ് പവാറിനെ സമീപിക്കുകയും തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന നിർദ്ദേശിച്ചു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ പവാറിന് മുന്നിൽ പാർട്ടി നേതാക്കളും സമ്മർദം ചെലുത്തുന്നുണ്ട്.

അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പവാർ വിട്ടുനിൽക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.