സിൽവർലൈൻ ഡിപിആർ കുരുക്കിൽ; പാർലമെന്റിൽ ഉന്നയിച്ച് സിപിഎം
ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാത്തത് പാർലമെന്റിൽ ഉന്നയിച്ച് സിപിഎം. പദ്ധതിക്ക് എത്രയും വേഗം അന്തിമാനുമതി നൽകണമെന്ന് രാജ്യസഭയിൽ എളമരം കരീം ആവശ്യപ്പെട്ടു.
സിൽവർലൈൻ കേരളത്തിന്റെ വികസന പദ്ധതിയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായ പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നുമാണ് എളമരം കരീം ശൂന്യ വേളയിൽ ഉന്നയിച്ചത്. എന്നാൽ ഇതിനെ കോൺഗ്രസ് എം.പി. കെസി വേണുഗോപാൽ എതിർത്തു.
കേന്ദ്ര നിലപാടിനെ ഉയർത്തിക്കാട്ടി കോൺഗ്രസും ബിജെപിയും സിൽവർലൈനിനെതിരേ പ്രക്ഷോഭവും പ്രചാരണവും ശക്തമാക്കുന്നതിനിടെയാണ് സിപിഎം നീക്കം. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചത്.