Thursday, January 9, 2025
National

ബീഹാറിൽ ബോംബ് സ്ഫോടനം; അഞ്ച് പേർക്ക് പരുക്ക്

ബീഹാറിൽ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്ക്. ബീഹാറിലെ സസാറാമിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന് ഒരു സ്കൂട്ടി കണ്ടെടുത്തിട്ടുണ്ട്. വർഗീയ പ്രശ്നമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ല എന്നും പൊലീസ് പറഞ്ഞു.

നളന്ദയിലെ ബനൂലിയയിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ പല തവണ പരസ്പരം വെടി ഉതിർത്തു. പഹർ പുരയിൽ ഉണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. ഒരു പൊലീസുകാരൻ അടക്കം 3 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച വരെ അടച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സസാറാം യാത്ര റദ്ദാക്കി. അതേസമയം, ബംഗാളിലെ ഹൗറയിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മമതസർക്കാരിന്റെ ഭരണ പരാജയമാണ് സംഘർഷത്തിന് കാരണമായതെന്ന് ബിജെപിയും സിപിഐഎമും കോൺഗ്രസും ആരോപിച്ചു.

രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ വ്യാപക ആക്രമണം നടന്നിരുന്നു. ആറ് സംസ്ഥാനങ്ങളിലായി നടന്ന സംഘർഷങ്ങളിൽ രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അതിക്രമം നടന്നത്. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ഔറംഗബാദ്, മലാഡ്, ജൽഗാവ് എന്നിവിടങ്ങളിൽ അതിക്രമം നടന്നു. ഔറംഗബാദിലെ ഒരു രാമ ക്ഷേത്രത്തിനു പുറത്ത് രണ്ട് പേർ തമ്മിൽ നടന്ന ഏറ്റുമുട്ടൽ പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചു. അക്രമകാരികൾ 13 വാഹങ്ങൾ അഗ്നിക്കിരയാക്കി. 500 പേരടങ്ങുന്ന സംഘം പെട്രോൾ നിറച്ച കുപ്പികളും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും പ്ലാസ്റ്റിക് ബുള്ളറ്റുകളും പ്രയോഗിച്ചു. സംഘർഷത്തിനിടെ പരുക്കേറ്റ 51 വയസുകാരൻ ഷെയ്ഖ് മുനീറുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *