‘ഇന്ത്യ’കൂട്ടായ്മയിലെ ഭിന്നത മുന്‍പുള്ളതിനേക്കാള്‍ കുറഞ്ഞു; സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി
ബിജെപി ബദലാകാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മയില്‍ ഭിന്നതയുണ്ടെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിയിലെ എല്ലാ ഭിന്നതയും അവസാനിക്കുമെന്നും ഇപ്പോള്‍ സഖ്യത്തിലെ ഭിന്നത മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം വീണ്ടും പരാമര്‍ശിച്ചും രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. അദാനിക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയണം രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ കൂട്ടായ്മ നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തു കൊണ്ടുവരും. ഇന്ത്യ കൂട്ടായ്മ ബിജെപിയെ പരാജയപ്പെടുത്തുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി പതിമൂന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.