Sunday, January 5, 2025
National

മൊറോട്ടോറിയം അതേരീതിയില്‍ തുടരില്ല, ഇളവുകള്‍ ബാങ്കുകള്‍ക്ക് തീരുമാനിക്കാം:നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയിരുന്ന മൊറോട്ടോറിയം അതേ രീതിയിൽ തുടരില്ലെന്ന് കേന്ദ്ര സർക്കാർ. അതേസമയം, വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവർക്ക് ഇളവുകൾ തീരുമാനിക്കാൻ ബാങ്കുകൾക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഓഗസ്റ്റ് ആറിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാകും വായ്പ ഇളവുകളെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പലിശ നിരക്ക് കുറയ്ക്കൽ, പിഴപ്പലിശ ഒഴിവാക്കൽ, തിരിച്ചടവ് പുനഃക്രമീകരിക്കൽ തുടങ്ങിയ ഇളവുകൾ ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കുലറിൽ വിശദീകരിച്ചിരിക്കുന്നത്.

നിലവിലുള്ള വായ്പ കാലാവധി മൊറോട്ടോറിയത്തോടെയോ അല്ലാതായോ രണ്ടുവർഷം വരെ നീട്ടാൻ ബാങ്കുകൾക്ക് അധികാരം ഉണ്ടാകും. പലിശ കുടിശ്ശിക പുതിയ വായ്പയാക്കി മാറ്റി തിരിച്ചടവ് പുനഃക്രമീകരിക്കുക, അധികവായ്പ അനുവദിക്കുക എന്നീ നിർദേശങ്ങളും റിസർവ് ബാങ്കിന്റെ സർക്കുലറിലുണ്ട്.

ഓരോ വായ്പക്കാരന്റെയും സാഹചര്യം പരിശോധിച്ച് ബാങ്കുകളാകും ഇളവ് തീരുമാനിക്കുകയെന്നും കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊറോട്ടോറിയം ആദ്യം അനുവദിച്ചപ്പോൾ ആ അനുകൂല്യം വിനിയോഗിച്ചവരെക്കാൾ ഇരട്ടിയിൽ അധികം പേർ മൊറോട്ടോറിയം നീട്ടിയപ്പോൾ അതിന്റെ ആനുകൂല്യം വിനിയോഗിച്ചു എന്നാണ് ബാങ്കുകളുടെ നിലപാട്. അതിനാൽ മൊറോട്ടോറിയം എല്ലാവർക്കുമായി നീട്ടരുത് എന്നാണ് ബാങ്കുകളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *