വിരമിയ്ക്കുന്ന ദിവസം ബസിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകി ഡ്രൈവർ; വിഡിയോ വൈറൽ
വിരമിയ്ക്കുന്ന ദിവസം ബസിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകി, ഡ്രൈവർ. തമിഴ് നാട് മധുരയിലാണ് ആരുടെയും കണ്ണുകളെ ഈറണനിയിപ്പിയ്ക്കുന്ന ഈ സംഭവം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മുപ്പത് വർഷത്തെ സേവനത്തിനു ശേഷം, സർവീസിൽ നിന്ന് വിരമിയ്ക്കുകയാണ് മധുര ബൈക്കര സ്വദേശി മുത്തുപ്പാണ്ടി. തൻ്റെ ജീവിതത്തോടൊപ്പം ഓടിച്ചു നടന്ന ബസിനെ പിരിയുമ്പോൾ കണ്ണു നിറയുന്നുണ്ട് മുത്തുപ്പാണ്ടിയ്ക്ക്. അവസാനമായി ഒരിയ്ക്കൽ കൂടി ബസ് സ്റ്റാർട്ട് ചെയ്തു.
ആ ഇരമ്പൽ ശബ്ദം ഒരിയ്ക്കൽ കൂടി കേട്ട ശേഷം, ബസ് ഓഫാക്കി. സ്റ്റിയറിങിനും ക്ളച്ചിലും ഗിയറിലും ബ്രേക്കിലുമെല്ലാം തൊട്ടു തൊഴുതു. ബസിൽ നിന്നും ഇറങ്ങിയ ശേഷം ഫുട് സ്റ്റെപ്പിലും തൊട്ടു തൊഴുതു. ബസിന് മുന്നിലെത്തി, കുട്ടികളെ കെട്ടിപ്പിയ്ക്കുന്നതു പോലെ കെട്ടിപ്പിടിച്ചു. ഉമ്മ വച്ചു. അങ്ങനെ കുറേ നേരം നിന്നു. തനിയ്ക്ക് എല്ലാം നൽകിയത് ഈ ബസാണ്.അച്ചനും അമ്മയ്ക്കും ശേഷം ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ബസിനെയും ഡ്രൈവിങ് ജോലിയെയുമാണ്. അതിനു ശേഷമാണ് എനിയ്ക്ക് ഭാര്യയും മക്കളും എല്ലാം ഉണ്ടായത്- മുത്തുപ്പാണ്ടി പറയുന്നു. തമിഴ് നാട് ട്രാൻസ്പോർട്ട് കോർപറേഷനിനെ മധുര ഡിവിഷനിലെ ഡ്രൈവറായ മുത്തുപ്പാണ്ടി, മധുര – തിരുപ്പറംകുൺട്രം ബസിലായിരുന്നു ജോലി ചെയ്തിരുന്നത്.