തല അജിത്തിൻ്റെ 61-ാം ചിത്രം; വലിമൈ ടീം വീണ്ടും ഒന്നിക്കുന്നു
അജിത്തിനെ നായകനാക്കി എച്ച്.വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് വലിമൈ. സമീപകാലത്തു ഏറ്റവും അധികം ചർച്ചയാക്കപ്പെട്ട സിനിമയാണിത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. ഈ സിനിമയുടെ അതെ ടീം വീണ്ടും ഒന്നിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ നിർമാതാവായ ബോണി കപൂറാണ് അജിത്ത് ആരാധകർക്കു ആവേശം പകരുന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്. തന്റെ അടുത്ത സിനിമ എച്ച്.വിനോദിനും അജിത്ത് കുമാറിനുമൊപ്പമാണെന്ന് ദി ഹിന്ദുവിനു കൊടുത്ത അഭിമുഖത്തിൽ പറയുന്നു.
അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമായിരിക്കും ഇത്. സിനിമാ പ്രഖ്യാപനത്തിനു മുമ്പ് തന്നെ തല 61 എന്ന ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമ യാഥാർഥ്യമായാൽ മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും അത്. നേർകൊണ്ട പാർവൈ ആയിരുന്നു ഇവർ ആദ്യമായി ഒന്നിച്ച ചിത്രം. ബോളിവുഡ് സിനിമ പിങ്കിന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം.
വലിമൈയിൽ പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നതിനിടെ അജിത്തിനു പരിക്കേറ്റത് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ നായികമാർ. രാജ് അയ്യപ്പ, അച്യുത് കുമാർ, സുമിത്ര, കാർത്തികേയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബേവ്യൂ പ്രൊജക്റ്റസ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറും സീ സ്റ്റുഡിയോസുമാണ് ചിത്രം നിർമിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.