മമ്മൂട്ടിയുമായുള്ള പുതിയ ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് സത്യന് അന്തിക്കാട്
മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന് അന്തിക്കാട്. നാട്ടിന്‍പുറവും കുടുംബബന്ധങ്ങളുമൊക്കെ വരച്ചുകാട്ടുന്ന ചിത്രങ്ങളുമായാണ് അദ്ദേഹം എത്താറുള്ളത്. മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഇടവേള അവസാനിപ്പിച്ച് മമ്മൂട്ടിക്കൊപ്പം സിനിമയുമായി എത്തുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ ഉപേക്ഷിച്ചുവെന്നും തിരക്കഥ ഇനി ഉപയോഗിക്കാനാവുമോയെന്നറിയില്ലെന്നും സത്യന് അന്തിക്കാട് പറഞ്ഞിരുന്നു. മെഗാസ്റ്റാറിനെക്കുറിച്ചും ശ്രീധരന്റെ ഒന്നാം തിരുമുറിവിനെക്കുറിച്ചുമെല്ലാം വാചാലനായി എത്തിയിരിക്കുകയാണ് സത്യന് അന്തിക്കാട്. മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. സംവിധായകന് പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ജീവിതം വരച്ചുകാട്ടാന്‍ ഇഷ്ടപ്പെടുന്നയാളാണ് സത്യന് അന്തിക്കാട്. അപ്രതീക്ഷിതമായെത്തിയ കൊവിഡ് പ്രതിസസന്ധിയില്‍ പുതിയ സിനിമയും മാറ്റിവെക്കേണ്ടി വരികയായിരുന്നു അദ്ദേഹത്തിന്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഫഹദ് ഫാസില്‍ ഇവരോടെല്ലാം ഫോണില്‍ സംസാരിച്ചിരുന്നു. തിരക്കുകളൊന്നുമില്ലാതെ എല്ലാവരും വീടുകളില്‍ കഴിയുകയാണ്. ആര്‍ക്കും എങ്ങോട്ടും പോകാനില്ല. പുതിയ സിനിമകളുമില്ല.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയ്ക്കായി നന്നായി കഷ്ടപ്പെട്ടിരുന്നു. നിരവധി ചര്ച്ചകള്ക്കൊടുവിലായാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. നടീനടന്മാരേയും സാങ്കേതിക പ്രവര്‍ത്തകരെയുമൊക്കെ തീരുമാനിച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനുകളും തീരുമാനിച്ചിരുന്നു. ഒരാള്‍ മാത്രമെന്ന ചിത്രത്തിലായിരുന്നു ഒടുവിലായി മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയായിരുന്നു അവസാനിപ്പിക്കാനിരുന്നത്. ഓണം റിലീസ് ലക്ഷ്യമാക്കിയാക്കിയായിരുന്നു സിനിമ പ്ലാന്‍ ചെയ്തത്.
തിരക്കഥ റെഡിയാണെങ്കില്‍ തനിക്ക് നാലഞ്ച് മാസത്തെ സമയമേ വേണ്ടൂ ഒരു സിനിമ ചെയ്യാനെന്ന് സത്യന് അന്തിക്കാട് പറയുന്നു. കൊറോണയും ലോക് ഡൗണുമൊന്നുമില്ലായിരുന്നു അന്ന്. എങ്ങനെയെങ്കിലും ഈ സിനിമ ചെയ്യാനാവുമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇനി ഈ തിരക്കഥ ഉപയോഗിക്കാനാവുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയാണത്. മഹാമാരിയുടെ നീരാളിപ്പിത്തത്തിൽ സകല നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു.
മമ്മൂട്ടിയുമായി താന്‍ ചെയ്ത സിനിമകളില്‍ മിക്കതും വലിയ വിജയങ്ങളായിരുന്നെന്നും സത്യന് അന്തിക്കാട് വ്യക്തമാക്കിയിരുന്നു. കളിക്കളം’, ‘അര്‍ഥം’, ‘ഗോളാന്തര വാര്‍ത്തകള്‍’, ‘നമ്ബര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’, ‘കനല്‍ക്കാറ്റ്’ തുടങ്ങിയവയെല്ലാം വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ചിത്രം അത്ര വിജയമായിരുന്നില്ല. ഈ ചിത്രത്തിന്റെ പരാജയകാരണം മമ്മൂട്ടിയല്ലെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടിയും ഞാനും ഒന്നിച്ച ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. താനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എന്റെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമ. 1987 ലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.