Thursday, April 10, 2025
Movies

കുളിച്ച് കയറിയതാണ്, വീണ്ടും കുളിക്കണമെന്ന് പറഞ്ഞിറങ്ങി; അവസാനം അനിലിനെ മരണം കവര്‍ന്നെടുത്തു

റസ്റ്റ് ആന്റ് പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടന്‍ അനില്‍ നെടുമങ്ങാട് ഇന്നുണ്ടായിരുന്നത്. ജോജു ജോര്‍ജ്ജിനെ നായകനാക്കി തന്‍സീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൊടുപുഴയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടെ മൂണ്‍ലൈറ്റ് ഹോട്ടലിലായിരുന്നു താമസം. രണ്ട് ദിവസം അനിലിന് വര്‍ക്ക് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവിടെ ഹോട്ടലില്‍ തന്നെയാണ് അവര്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അനിലിന്റെ മൂന്നു സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാനെത്തുകയും അവരോടൊപ്പം ഉച്ചവരെ കളിയും ചിരിയുമായി ഹോട്ടലില്‍തന്നെ ചെലവഴിച്ച ശേഷം ദി പ്രീസ്റ്റിന്റെ (മമ്മൂട്ടി നായകനാകുന്ന ചിത്രം) ഷൂട്ടിംഗ് ലൊക്കേഷന്‍ കാണാമെന്ന് പറഞ്ഞ് നാലുപേരുംകൂടി ഇറങ്ങിയത്.

അവിടെ മലങ്കര ഡാമിന് സമീപമായിരുന്നു ലൊക്കേഷന്‍. അവിടെ ചെന്നപ്പോള്‍ കുളിക്കാമെന്ന് തീരുമാനിച്ചത്. സംഘത്തിലെ ഒരാള്‍ കരയില്‍തന്നെ ഇരുന്നു. അനിലും മറ്റു രണ്ടുപേരുംകൂടി കുളിക്കാനിറങ്ങി. ഇതിനിടെ പൊലീസിന്റെ പട്രോളിംഗ് ജീപ്പെത്തി അഞ്ച് മണിക്കുമുമ്പ് കുളി അവസാനിപ്പിക്കണമെന്ന് പറയുന്നത്. അത് സമ്മതിച്ച് അഞ്ച് മണിയായപ്പോള്‍ കുളി മതിയാക്കി മൂന്നുപേരും കരയ്ക്ക് കയറി. അപ്പോഴാണ് അനിലിന് ഒന്നൂടെ കുളിക്കണമെന്ന് ആഗ്രഹം തോന്നിയത്. വെള്ളത്തിലിറങ്ങിയ അനില്‍ നിലതെറ്റി കയത്തിലേക്ക് വീഴുകയായിരുന്നു. പോലീസുകാരും സമീപവാസികളും ചേര്‍ന്നാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. കരയ്‌ക്കെത്തിക്കുമ്പോള്‍തന്നെ അനില്‍ മരണമടഞ്ഞിരുന്നു. ഉടനെ അടുത്തുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നാളെ രാവിലെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. തുടര്‍ന്ന് കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷമാകും മൃതദേഹം വിട്ടുനല്‍കൂ. ടിവി ചാനലുകളിലൂടെയുള്ള പ്രോഗ്രാമുകളിലൂടെയാണ് അനില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തസ്‌കരവീരനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപസ്സിലൂടെയാണ് ശ്രദ്ധേയനാവുന്നത്. അയ്യപ്പനും കോശിയിലെ സിഐ സതീഷ്‌നായര്‍ അനിലിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി. പൊറിഞ്ചു മറിയം ജോസിലെ കുര്യന്‍, കമ്മട്ടിപാടത്തിലെ സുരേന്ദ്രന്‍, പരോളിലെ വിജയന്‍ തുടങ്ങിയവ അനിലിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *