Monday, April 14, 2025
Movies

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ലിജോ പെല്ലിശേരിയുടെ ജല്ലിക്കട്ട്

93ാമത് അക്കാദമി അവാര്‍ഡ്‌സില്‍ വിദേശ സിനിമകളുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്ന് ജല്ലിക്കട്ട്. 14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്. ചൈതന്യ തമാനേയുടെ ദ ഡിസിപ്പിള്‍, വിധു വിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണന്‍ മഹാദേവന്റെ ബിറ്റല്‍ സ്വീറ്റ്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകള്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. 2019ല്‍ സോയാ അക്തര്‍ സംവിധാനം ചെയ്ത ഗള്ളി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. വില്ലേജ് റോക്ക്സ്റ്റാര്‍, വിസാരണൈ, കോര്‍ട്ട്, ലയേഴ്‌സ് ഡയസ്, ന്യൂട്ടന്‍ എന്നിവയാണ് മുന്‍പ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. ഏപ്രില്‍ 25നാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ജല്ലിക്കട്ടില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

 

Leave a Reply

Your email address will not be published. Required fields are marked *