Sunday, January 5, 2025
Movies

വൃദ്ധി വിശാലിന്‍റെ ഡാന്‍സ് സൂപ്പര് ഹിറ്റ്; ബിഗ് സ്ക്രീനില്‍ ഇനി പൃഥിരാജിന്‍റെ മകള്‍

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് ഒരു കുഞ്ഞുഡാന്‍സുകാരിയുടെ തകര്‍പ്പന്‍ ചുവടുകള്‍. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും വലിയ രീതിയില്‍ ഏറ്റെടുക്കപ്പെട്ട ഈ കുഞ്ഞുഡാന്‍സറെ തപ്പിയായിരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍. സീരിയലിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായ വൃദ്ധി വിശാൽ ആണ് ഈ തകര്‍പ്പന്‍ ചുവടുകള്‍ക്ക് പിന്നില്‍. സീരിയൽ താരം അഖിൽ ആനന്ദിന്‍റെ വിവാഹ ചടങ്ങിലാണ് വൃദ്ധി എന്ന കുഞ്ഞുമിടുക്കി അവിസ്മരണീയ പ്രകടനവുമായി ഏവരുടെയും ഹൃദയം കീഴടക്കിയത്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുന്ന അഖിൽ ആനന്ദിന്‍റെ വിവാഹം. വിവാഹത്തിന് പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. ഇതേ പരമ്പരയിൽ അഭിനയിക്കുന്ന കുഞ്ഞു വൃദ്ധിയാണ് വിവാഹത്തിനിടെയുള്ള ആഘോഷ പരിപാടികളില്‍ തകര്‍പ്പന്‍ ചുവട് വെച്ചത്. ഈ ദൃശ്യങ്ങള്‍ പിന്നീട് വൃദ്ധിയുടെ തന്നെ യൂ ട്യൂബ് അക്കൗണ്ടിലൂടെ വൈറലായി മാറുകയായിരുന്നു.

ഡാന്‍സ് വൈറലായതോടെ വൃദ്ധിയെ തേടി നിരവധി പേരാണ് സിനിമാഓഫറുമായി രംഗത്തുവന്നിരിക്കുന്നത്. ഇതില്‍ മലയാളത്തില്‍ നിന്നുമാണ് ആദ്യ ക്ഷണം വൃദ്ധിക്ക് ലഭിച്ചിരിക്കുന്നത്. പൃഥിരാജ് നായകനായി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിലാണ് വൃദ്ധി അഭിനയിക്കുന്നത്. ചിത്രത്തിൽ പൃഥിയുടെ മകൾ ആയാണ് കുഞ്ഞുമിടുക്കി അഭിനയിക്കുന്നത്.

ഇതിന് മുമ്പ് സുഡോക്കു എന്ന രൺജി പണിക്കർ മുഖ്യ വേഷം ചെയ്യുന്ന ചിത്രത്തിലും വൃദ്ധി ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ ഡബ്ബിങ്ങ് നടന്നു വരികയാണ്. ഏപ്രിലിലാണ് റിലീസ്. സി.ആർ അജയകുമാർ ആണ് സംവിധാനം.

ഡാൻസർമാരായ വിശാൽ കണ്ണന്‍റെയും ഗായത്രിയുടേയും മകളായ വൃദ്ധി എളമക്കര ശ്രീശങ്കര സ്കൂളിൽ യു.കെ.ജി വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *