നയൻതാരയ്ക്കെതിരെ മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി
നയൻതാരയ്ക്കെതിരെ വീണ്ടും മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി. നേരത്തെയും നയന്‍താരയ്ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ശേഷം ഇപ്പോള്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് നയന്‍താരയ്ക്കെതിരെ വീണ്ടും രാധ രവി രംഗത്തെത്തിയത്. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനും സിനിമ താരവുമായ ഉദയനിധി സ്റ്റാലിനുമായി ബന്ധപ്പെടുത്തിയായിരുന്നു രാധ രവി നയന്‍താരയെ അപമാനിച്ചത്.
നേരത്തെ മറ്റൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച താന്‍ എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്നതിനെ ന്യായികരിക്കുന്നതിനിടെയാണ് രാധ രവിയുടെ അപകീര്‍ത്തികരമായ പരാമര്‍ശം.നയന്‍താരയെ കുറിച്ച് ഞാന്‍ മോശമായി സംസാരിച്ചു എന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് സ്വകാര്യ ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്,” എന്നായിരുന്നു പ്രസംഗത്തിനിടെ രാധ രവി പറഞ്ഞത്.
രണ്ട് വര്‍ഷം മുന്‍പ് നയന്‍താര പ്രധാന വേഷത്തിലെത്തിയ ഒരു സിനിമയുടെ പ്രെമോഷന്‍ പരിപാടിക്ക് അവര്‍ എത്തിയിരുന്നില്ല. ഇതില്‍ പ്രകോപിതനായിട്ടാണ് അതേ വേദിയില്‍ സിനിമയില്‍ മറ്റൊരു വേഷം ചെയ്ത രാധ രവി മോശം പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. സിനിമ രംഗത്ത് നിന്നും രാഷ്ട്രിയ-സാമൂഹിക രംഗത്തുനിന്നും രാധ രവിക്ക് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നിരുന്നു.
എന്നാല്‍ സംഭവം വളച്ചൊടിച്ചതാണ് എന്ന നിലപാടാണ് പിന്നീട് രാധ രവി സ്വീകരിച്ചത്. നയന്‍താരയെക്കുറിച്ച താന്‍ മോശമായി ഒന്നും പറഞ്ഞട്ടില്ലെന്നായിരുന്നു രാധ രവിയുടെ വാദം. എന്നാല്‍ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് രാധ രവി. 2019 ല്‍ തന്നെ കുറിച്ച് മോശമായി രാധ രവി സംസാരിച്ചപ്പോള്‍ നയന്‍താര പറഞ്ഞത്, അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ്. അവരുടെ കുടുംബത്തിലെ എല്ലാ സ്ത്രീകളോടും എനിക്ക് സഹതാപം തോന്നുന്നുവെന്നുമായിരുന്നു നയന്‍താരയുടെ പ്രതികരണം.