Tuesday, April 15, 2025
Kozhikode

വൃക്കരോഗ ചികിത്സക്കും ഗവേഷണങ്ങള്‍ക്കുമായുള്ള പ്രത്യേക കേന്ദ്രം, ഇഖ്‌റ കിഡ്‌നി കെയര്‍ ആന്‍ഡ് റിസേര്‍ച് സെന്റര്‍ കോഴിക്കോട് മലാപറമ്പില്‍ നവംബർ 1 ന് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഇഖ്റയുടെ സ്വപ്നത്തിനും, പ്രയാസം അനുഭവിക്കുന്ന വൃക്കരോഗികളുടെ പ്രതീക്ഷകള്‍ക്കും നിറം നല്‍കുകയാണ് ഇഖ്റ കിഡ്നി കെയര്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍.

വൃക്കരോഗികള്‍ക്ക് മാത്രമായി ഗവേഷണസൗകര്യത്തോടുകൂടിയ ഒരു ചികിത്സാകേന്ദ്രം എന്ന ഇഖ്‌റയുടെ ആശയത്തോട് *മലബാര്‍ ഗ്രൂപ്പ്* യോജിക്കുകയും പത്ത് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീര്‍ണ്ണതയില്‍ ഏകദേശം 12 കോടി രൂപയോളം ചെലവഴിച്ച് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ഇതോടൊപ്പം *അസീം പ്രേംജി ഫിലന്ത്രോപിക് ഇനിഷ്യേറ്റിവ്, തണല്‍ വടകര* തുടങ്ങിയ സാമൂഹിക-സന്നദ്ധസംഘടനകളുടെയും നൂറുക്കണക്കിന് മനുഷ്യസ്നേഹികളുടെ ചെറുതും വലുതുമായ സാമ്പത്തികവും ശാരീരികവുമായ പിന്തുണയും പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സും എല്ലാത്തിലുമുപരി അപാരമായ ദൈവാനുഗ്രഹവുംകൂടി ചേര്‍ന്നപ്പോള്‍ 35 കോടി ചെലവഴിച്ച് എല്ലാ സൗകര്യങ്ങളോടുംകൂടി കേന്ദ്രം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനായി ഒരുക്കാന്‍ സാധിച്ചു.

മികച്ച ചികിത്സാ സൗകര്യങ്ങളാണ് പുതിയ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ഇവിടെ ഈടാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററുമായിരിക്കും ഇത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള നാല് ഓപറേഷന്‍ തിയേറ്ററുകളും വൃക്കരോഗവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ലോകോത്തരമായ സൗകര്യവും ഇഖ്റ കിഡ്നി കെയര്‍ ആന്‍ഡ് റിസേര്‍ച് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കോവിഡ് ഭീതി വിതച്ച കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ജെ.ഡി.റ്റി ഇസ്ലാമിന്റെ ഹെല്‍ത്ത്കെയര്‍ ഇനീഷ്യേറ്റിവ് ആയ ഇഖ്‌റ ഹോസ്പിറ്റല്‍ കാമ്പസിലെ ഈ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ താല്‍ക്കാലികമായി കോവിഡ് ബാധിതരായ വൃക്കരോഗികളുടെ ചികിത്സക്കായി മാറ്റിവെയ്ക്കുകയാണ്. ദിനംപ്രതി 180 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കുന്ന കേന്ദ്രത്തില്‍ കേരളത്തിലെവിടെയുമുള്ള കോവിഡ് ബാധിച്ച വൃക്കരോഗികള്‍ക്ക് കോവിഡ് നെഗറ്റീവ് ആകുന്നതുവരെ ഡയാലിസിസ് അടക്കമുള്ള ചികിത്സ സൗജന്യമായി ലഭ്യമാണ്. ഇതിനുപുറമെ എല്ലാ സൗകര്യങ്ങളോടുംകൂടിയ 30 ഐ.സി.യു കിടക്കകളടക്കം 100 ബെഡ്ഡുകളും പുതിയ ഹോസ്പിറ്റലില്‍ സജ്ജീകരിച്ചിട്ടുണ്ട്.

*സെന്ററിന്റെ ഉദ്ഘാടനം 2020 നവംബര്‍ 1ന്, കേരളപ്പിറവി ദിനത്തില്‍, രാവിലെ 11 മണിക്ക് മുഖ്യമന്ത്രി . പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും.* കേന്ദ്ര വിദേശകാര്യസഹമന്ത്രി . വി. മുരളീധരന്‍, പ്രതിപക്ഷനേതാവ് . രമേശ് ചെന്നിത്തല, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എം.കെ. മുനീര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു തുടങ്ങി രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *