Sunday, April 27, 2025
Kerala

നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണ്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

ഈ പോര്‍ട്ടല്‍ വഴി ഇതുവരെ 108 പരാതികളാണ് ലഭ്യമായത്. ഇതില്‍ 30 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്. അടുത്തിടെ കിട്ടിയ ബാക്കി പരാതികളില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ശക്തമായി നടന്നു വരുന്നു. വ്യാഴാഴ്ച മാത്രം 205 പരിശോധനകളാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയത്. 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *