Saturday, October 19, 2024
Kerala

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ചാന്‍സറുടെ ആനുകൂല്യങ്ങളും ചിലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും.

14 സര്‍വകലാശാകളുടേയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന്റെ കരടിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. നിയമവകുപ്പ് തയാറാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്കു പകരം അക്കാദമിക് രംഗത്തെ പ്രഗത്ഭരെ ചാന്‍സിലര്‍മാരാക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഭരണഘടനാ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയോഗിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമ്മീഷന്‍ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്.

സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന നിലയിലാണ് നിയമം തയാറാക്കിയിരിക്കുന്നത്. ആര്‍ട്‌സ് ആന്റ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ ആയിരിക്കും ഉണ്ടാവുക. സാങ്കേതിക,ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സിലറും ആരോഗ്യ, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സിലര്‍മാരുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ബില്‍ നിയമമാകുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഇതൊഴിവാക്കാന്‍ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും വിധമാണ് നിയമനിര്‍മാണം.

അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ ബില്‍ അവതരിപ്പിക്കും. സഭ പാസാക്കിയാലും ബില്‍ നിയമമാകണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം. ബില്ലില്‍ ഒപ്പിടിലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ രാജ്യമാകെ ശ്രദ്ധിക്കുന്ന നീണ്ട നിയമപോരാട്ടം മുന്നില്‍ കണ്ടുകൂടിയാണ് സര്‍ക്കാരിന്റെ നീക്കം.

Leave a Reply

Your email address will not be published.