നിയമന കത്ത് വിവാദം: സിബിഐ അന്വേഷണം എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായി സർക്കാർ വ്യക്തമാക്കി.
നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ല. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകൾ ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്റെ പക്കലില്ല. വിവാദ കത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു.
ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി. തിരുവനന്തപുരം നഗരസഭയിൽ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചാണ് ഹര്‍ജി. കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ നഗരസഭയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.