മുല്ലപ്പെരിയാർ ഡാം ജലബോംബായി നിൽക്കുന്നു; അകം പൊള്ളയെന്ന് എം എം മണി
മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്ന് മുൻ മന്ത്രി എം എം മണി. ചുണ്ണാമ്പും ശർക്കരയും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും എംഎം മണി പറഞ്ഞു.
താൻ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊക്കെ ന്യായം പറഞ്ഞിട്ട് കാര്യമില്ല. എന്തേലും സംഭവിച്ചാൽ വരാൻ പോകുന്നത് നമ്മൾ വെള്ളം കുടിച്ചും ചാകും, അവർ വെള്ളം കുടിക്കാതെയും ചാകും എന്നായിരുന്നു മണിയുടെ വാക്കുകൾ
വണ്ടിപ്പെരിയാറിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ ബോംബ് പോലെ നിൽക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ, ഞാൻ ഇത് നിയമസഭയിൽ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ ഡാമല്ലാതെ വേറെ എന്താ മാർഗം. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടുത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താൽ പ്രശ്‌നം വേഗത്തിൽ തീരും. ഇല്ലേ, വല്ലോം സംഭവിച്ചാൽ ദുരന്തമായി മാറും എന്നും എം എം മണി പറഞ്ഞു.