എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി; റെയിൽവേ സിഗ്നൽ സംവിധാനം സാധാരണ നിലയിൽ
എറണാകുളം ജില്ലയിലെ കനത്ത മഴയിൽ തകരാറിലായ റെയിൽവേ സ്റ്റേഷനുകളിലെ സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ. ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് കോട്ടയം വഴി തന്നെ സർവീസ് നടത്തും.
സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും ട്രെയിനുകൾ വൈകി ഓടുന്നുത് തുടരുകയാണ്. ശബരി, പരശുറാം, വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടുന്നത് മണിക്കൂറുകൾ വൈകിയാണ്.
എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.00ന് പുറപ്പെടേണ്ട, 06451 എറണാകുളം – കായംകുളം അൺറിസേർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ഇന്ന് സർവീസ് നടത്തില്ല. എറണാകുളം – കൊല്ലം മെമു സ്പെഷ്യൽ ഇന്ന് മുളന്തുരുത്തി നിന്നാവും സർവീസ് ആരംഭിക്കുക. ഈ ട്രെയിൻ എറണാകുളത്തിനും – മുളന്തുരുത്തിക്കും ഇടയിൽ ഭാഗികമായി റദ്ദ് ചെയ്തിരിക്കുന്നു.
12677 KSR ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ആലുവയിലും, ഗുരുവായൂർ – എറണാകുളം അൺറിസേർവ്ഡ് എക്സ്പ്രസ് ഇടപ്പള്ളിയിലും, കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിലും സർവീസ് അവസാനിപ്പിച്ചു.
വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറി. ഇതേതുടർന്ന് പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗൺ വഴി തിരിച്ചുവിട്ടു. നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ് ടൗൺ സ്റ്റേഷനിൽ സർവീസ് നിർത്തി.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും വൈകിയോടുകയാണ്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴ വഴി സർവീസ് നടത്തുന്നുണ്ട്.