കൊവിഡ്; കേന്ദ്രസംഘം ഇന്ന് സന്ദര്‍ശനം നടത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ടോടെ എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘമെത്തുന്നത്. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും.
നാളെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രി, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി തിങ്കളാഴ്ച സംഘം കൂടിക്കാഴ്ച നടത്തും. രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെയും റിപോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ടിപിആര്‍ 13 ന് മുകളിലെത്തിയ സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാന്‍ സംഘം നിര്‍ദ്ദേശം നല്‍കും.