തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഇനി ഇല്ല: ചുമതല ചെന്നൈ ബോർഡിന് കൈമാറും
തിരുവനന്തപുരം: റെയിൽവേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തുന്നു. റെയിൽവേയിലെ മുഴുവൻ നിയമന നടപടികളും ഇനി ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോർഡിന് കീഴിലാക്കാനാണ് തീരുമാനം. നാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി യാഥാർഥ്യമായതിനെത്തുടർന്ന് മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ധനമന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. അതിന്റെ മറവിലാണ് ചില റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ പ്രവർത്തനം നിർത്തുന്നത്.
ദക്ഷിണ റെയിൽവേക്ക് കീഴിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകൾക്ക് വേണ്ടിയാണ് തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് ബോർഡ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് ‘സി’യിലുള്ള ഗസറ്റഡ് അല്ലാത്ത തസ്തികകളുടെ നിയമനമാണ് ബോർഡിന്റെ ചുമതല. അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന ജോലി. റെയിൽവേ ജോലികളിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഈ ബോർഡിന് കഴിഞ്ഞിരുന്നു. ഇത് നഷ്ടപ്പെടുന്നതോടെ മലയാളി പ്രാതിനിധ്യത്തിൽ വലിയ കുറവുണ്ടാകനാണ് സാധ്യത.