Wednesday, April 16, 2025
Kerala

ജാമ്യക്കാരൻ പിൻമാറി; ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകി.

അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകൾ അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞു പോയതിനാൽ ഇന്ന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയായ ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇ.ഡി രജിസ്റ്റർ ചെയ്​ത കേസിൽ നാലാം പ്രതിയാണ്​ ബിനീഷ്​. ലഹരികേസ് പ്രതിക്ക് ബിനീഷ് സാമ്പത്തിക സഹായം നൽകി എന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം.

അതേസമയം ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവിന് സാദ്ധ്യതയേറി. ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിന് മുമ്പേ കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്താനാണ് സാദ്ധ്യത. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.

മടങ്ങിവരവ് അടുത്ത മാസം 6,7 തിയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകാനാണ് സാദ്ധ്യത. അതിനു മുമ്പായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. അർബുരോഗ ചികിത്സയ്ക്കായി അവധി അനുവദിക്കുന്നു എന്നായിരുന്നു സി.പി.എം സെക്രട്ടേറിയറ്റിന്റെ വിശദീകരണം. പകരം എ.വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നൽകി.

Leave a Reply

Your email address will not be published. Required fields are marked *