കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കുന്നില്ല; തിരുവോണ നാളില്‍ പട്ടിണിക്കഞ്ഞി സമരവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി
തിരുവോണ നാളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി സമരവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതിലാണ് എംപിയുടെ സമരം.
ഇന്ന് രാവിലെ 9 മണിക്കാരംഭിച്ച സമരം ഉച്ചയ്ക്ക് ഒരുമണി വരെ തുടരും. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളുടെ തുടര്‍ച്ചയും കര്‍ഷക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അനുകരണവുമാണ് സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ നെല്‍ കര്‍ഷകരോട് കാട്ടുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.
സംസ്ഥാനത്ത് 360 കോടി രൂപ നെല്‍കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില നല്‍കാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് വെറും 7.92 രൂപ മാത്രമായി നല്‍കുന്നതിലൂടെ കര്‍ഷകരെ വഞ്ചിക്കുക മാത്രമല്ല , അവഹേളിക്കുക കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം. കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം 6748 കര്‍ഷകര്‍ക്കായി 99 കോടിയാണ് സര്‍ക്കാര്‍ നെല്ലുവില നല്‍കാനുള്ളത്. ഫെബ്രുവരി മാസത്തില്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെ കൊയ്ത്ത് ആരംഭിക്കും.
സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട കുടിശ്ശിക നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ കര്‍ഷകസമരം കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുമെന്ന് എംപി പറഞ്ഞു.